District News
സുല്‍ത്താന്‍ബത്തേരി: വനാതിര്‍ത്തിയിലെ റെയില്‍ ഫെന്‍സിംഗ് തകര്‍ത്ത് കഴിഞ്ഞ രാത്രി മൂടക്കൊല്ലി, കൂടല്ലൂര്‍ പ്രദേശങ്ങളില്‍ ഇറങ്ങിയ കാട്ടാനകള്‍ വന്‍ തോതില്‍ കൃഷി നശിപ്പിച്ചു.
ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് കര്‍ഷകര്‍ക്കുണ്ടായത്. കുന്നേല്ഷിബി,ഇരുമ്പുകുത്തിയില്‍ രാജപ്പന്, കുരിക്കാട്ടില്‍ രഘു, പേപ്പാതിയില്രവി, നിരപ്പേല്ശശി,കരിക്കുളത്ത്അജീഷ്എന്നിവരുടെവാഴ, കാപ്പി, കുരുമുളക്,കമുക്, തെങ്ങ് കൃഷികളാണ് നശിപ്പിച്ചത്. വനാതിര്‍ത്തിയില്‍ ആനക്കുഴി,മണ്ണുണ്ടി,അയ്നിത്തടം എന്നിവിടങ്ങളില്‍ ആനകള്‍ റെയില്‍വേലി തകര്‍ത്തു.
സംസ്ഥാനത്ത് ആദ്യമായിട്ടാണ് മൂടക്കൊല്ലി വനാതിര്‍ത്തില്‍ റെയില്‍വേലി സ്ഥാപിച്ചത്. നിര്‍മാണത്തിലെ അപാകത കാരണം പലയിടത്തും വേലി തകര്‍ന്നിരുന്നു. വെല്‍ഡ് ചെയത് യോജിപ്പിക്കുന്നതിലെ കാലതാമസം പലപ്പോഴും വേലിഫലം ചെയ്യാത്ത സ്ഥിതി സംജാതമാക്കിയിരുന്നു. മൂടക്കൊല്ലിയിലും സമീപപ്രദേശങ്ങളിലും കാട്ടാനശല്യം രൂക്ഷമാണ്. ജനവാസകേന്ദ്രത്തില്‍ എത്തുന്ന ആനകള്‍ ഒച്ചയിട്ടും മറ്റും തുരത്താന്‍ ശ്രമിക്കുന്നവരെ ആക്രമിക്കാന്‍ മുതിരുന്നത് ഒറ്റപ്പെട്ട സംഭവമല്ല. പ്രതിരോധസംവിധാനങ്ങള്ശക്തമാക്കുകയും കൃഷിനാശത്തിന് തക്കതായ നഷ്ടപരിഹാരം അനുവദിക്കുകയും ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
District News
ഇരിട്ടി: അയ്യൻകുന്ന് പഞ്ചായത്തിലെ എടപ്പുഴ മേഖലയിൽ കാട്ടാനക്കൂട്ടത്തിന്റെ ഭീഷണി വീണ്ടും രൂക്ഷമായി. ഇന്നലെ പുലർച്ചെ എടപ്പുഴ സെന്റ് ജോസഫ് പള്ളിക്കും സമീപത്തെ സ്കൂൾ ഗ്രൗണ്ടിലുമെത്തിയ ആനക്കൂട്ടം വാഴയുൾപ്പെടെയുള്ള കൃഷികൾ വ്യാപകമായി നശിപ്പിച്ചു. തുടർന്ന് എടപ്പുഴ–വാളത്തോട് റോഡിലിറങ്ങിയ ആനക്കൂട്ടം ഏറെനേരം റോഡിൽ നിലയുറപ്പിച്ചതായി പ്രദേശവാസികൾ പറഞ്ഞു. പുലർച്ചെ ആറോടെയാണ് ആനകൾ വനത്തിലേക്ക് മടങ്ങിയത്.
ആന ഭീഷണിയെത്തുടർന്ന് രാവിലെ ഏഴിന് ശേഷമാണ് പത്രവിതരണം ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചത്. രണ്ടാഴ്ചയായി മേഖലയിൽ കാട്ടാനക്കൂട്ടത്തിന്റെ സാന്നിധ്യം പതിവാണെന്നും എടപ്പുഴ–വാളത്തോട് മേഖലയിലെ കൃഷിയിടങ്ങൾ നിരന്തരം നശിപ്പിക്കപ്പെടുകയാണെന്നും പ്രദേശവാസികൾ പറയുന്നു. വനംവകുപ്പ് ജീവനക്കാരെത്തി ആനകളെ വനത്തിലേക്ക് തുരത്തുന്നുണ്ടെങ്കിലും അടുത്ത ദിവസം തന്നെ ഇവ വീണ്ടും ജനവാസമേഖലയിലെത്തുകയാണ്.
സ്കൂൾമുറ്റം വരെ ആനകൾ എത്തുന്നത് പ്രദേശവാസികളുടെ ആശങ്ക വർധിപ്പിച്ചിട്ടുണ്ട്. രാത്രി ഏഴിന് ശേഷം എടപ്പുഴ–വാളത്തോട് റോഡിലൂടെ യാത്ര ചെയ്യാൻ പോലും കഴിയാത്ത സാഹചര്യമാണെന്നും വനംവകുപ്പ് അടിയന്തരമായി പരിഹാര നടപടികൾ സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
അയ്യൻകുന്ന് പഞ്ചായത്ത് പ്രസിഡന്റ് മിനി വിശ്വനാഥന്റെ നേതൃത്വത്തിലുള്ള ഭരണസമിതി അംഗങ്ങൾ സ്ഥലം സന്ദർശിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജോസ് കുഞ്ഞ് തടത്തിൽ, ബ്ലോക്ക് പഞ്ചായത്തംഗം മനോജ് എം. കണ്ടത്തിൽ, പഞ്ചായത്തംഗങ്ങളായ ഷിബോ അഗസ്റ്റിൻ, അനീഷ് കെ. പോൾ, ബിന്ദു ഷാജി എന്നിവരും ഒപ്പമുണ്ടായിരുന്നു.
സോളാർവേലിനിർമാണം ഇന്ന് ആരംഭിക്കും
അയ്യൻകുന്ന് പഞ്ചായത്തിന്റെ പരിധിയിലുള്ള ഒന്നര കിലോമീറ്റർ ദൂരം പഞ്ചായത്തിന്റെയും വനംവകുപ്പിന്റെയും നാട്ടുകാരുടെയും സഹകരണത്തോടെ താത്കാലിക സോളാർ വേലി നിർമാണം ഇന്നുമുതൽ ആരംഭിക്കാൻ തീരുമാനിച്ചു.പഞ്ചായത്തിന്റെ നേതൃത്വത്തിൽ വാളത്തോട് ചേർന്ന യോഗത്തിലാണ് തീരുമാനം. അയ്യൻകുന്നിലെ ഒന്നര കിലോമീറ്റർ പൂർത്തീകരിച്ചാലും ആറളം പഞ്ചായത്തിന്റെ നീലായ്മല ഉൾപ്പെടെയുള്ള ഭാഗങ്ങളിലെ ഫെൻസിംഗ് പൂർത്തീകരിക്കാത്തതാണ് ഭീഷണിയായി തുടരും. എടപ്പുഴ - വാളത്തോട് മേഖലകളിൽ കാട്ടാനകളുടെ ആക്രമണം രൂക്ഷമായതിനെ ജനകീയ സമിതിയുടെ നേതൃത്വത്തിൽ സോളാർ വേലി നിർമിക്കാൻ നേരത്തെ തീരുമാനിച്ചിരുന്നു.
District News
വണ്ടിപ്പെരിയാർ: പരുന്തുംപാറ സത്രം വനാതിർത്തിയോടു ചേർന്നുള്ള മഞ്ജുമല രാജമുടി പ്രദേശത്ത് കാട്ടാനക്കൂട്ടം നിത്യസാന്നിധ്യമായി. പ്രദേശത്തെ ഏലം, കാപ്പി, കുരുമുളക് ഉൾപ്പെടെയുള്ള കൃഷികൾ നശിപ്പിക്കുകയും ചെയ്യുന്നുണ്ട്. രാത്രികാലങ്ങളിൽ ജനങ്ങൾ ഭീതിയിലാണ്.
വനംവകുപ്പിൽ വിവരമറിയിക്കുന്നതനുസരിച്ച് അവർ സ്ഥലത്തെത്തുകയും കാട്ടാനകളെ തുരത്തുകയും ചെയ്യുന്നുണ്ടെങ്കിലും മേഖലയിൽ നിന്നു കാട്ടാനകളെ ഒഴിവാക്കാനായിട്ടില്ല. കുറച്ചു ദിവസങ്ങൾക്കു മുൻപ് ദേശീയപാതയുടെ സമീപത്തുവരെ കാട്ടാനക്കൂട്ടം എത്തിയിരുന്നു .
District News
ചെറുതോണി: കഞ്ഞിക്കുഴിയിൽ കാട്ടാന വീണ്ടും വീട് തകർത്തു. ഇന്നലെ പുലർച്ചെ മൂന്നോടെയുണ്ടായ കാട്ടാന ആക്രമണത്തിലാണ് വീട് ഭാഗികമായി തകർന്നത്. പുത്തൻപുരയ്ക്കൽ ടിജോ പി. ജോയിയുടെ വീടാണ് കാട്ടാന നശിപ്പിച്ചത്. കഴിഞ്ഞ രാത്രിയിൽ കൃഷിയിടങ്ങളിലേക്ക് ഇറങ്ങിയ കാട്ടാന നിരവധി കർഷകരുടെ കൃഷി നശിപ്പിച്ചിരുന്നു.
പന്നാരകുന്നേൽ എൽസമ്മ, പുത്തൻപുരയ്ക്കൽ ടിജോ പി. ജോയി എന്നിവരുടെ കൃഷിയിടങ്ങളിലാണ് വ്യാപക നാശനഷ്ടമുണ്ടായത്. ഇന്നലെ പുലർച്ചെ മൂന്നോടെയായിരുന്നു സംഭവം. കഞ്ഞിക്കുഴി പഞ്ചായത്തിലെ മലയണ്ണാമല-മാമച്ചൻകുന്ന് മേഖലകളിലാണ് കാട്ടാന ഇറങ്ങിയത്.
കാട്ടാനശല്യം പതിവാകുന്നതിൽ കേരള കർഷകസംഘവും സാഫ് ഉൾപ്പെടെയുള്ള സംഘടനകളും പ്രതിഷേധിച്ചു. കാട്ടാനക്കൂട്ടം കൃഷിഭൂമിയിലിറങ്ങി നാശം വിതച്ചിട്ട് മണിക്കൂറുകൾ കഴിഞ്ഞിട്ടും വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയില്ലെന്നാരോപിച്ചായിരുന്നു പ്രതിഷേധം.
കഴിഞ്ഞ ദിവസങ്ങളിലും സമീപ പ്രദേശമായ ഇടത്തട്ട് മേഖലയിൽ കാട്ടാനകൾ ഇറങ്ങി വീടുകൾ തകർക്കുകയും കൃഷി നശിപ്പിക്കുകയും ചെയ്തിരുന്നു. തുടർച്ചയായുണ്ടാകുന്ന കാട്ടാനയാക്രമണങ്ങൾ ജനങ്ങളിൽ കടുത്ത ആശങ്കയും ഭീതിയും സൃഷ്ടിച്ചിട്ടുണ്ട്.
സ്ഥലം സന്ദർശിച്ച കഞ്ഞിക്കുഴി പഞ്ചായത്ത് പ്രസിഡന്റ് കോമളം മോഹൻദാസ് കാട്ടാനശല്യത്തിന് ശാശ്വത പരിഹാരം കാണുന്നതിനും ആവശ്യമായ പ്രതിരോധ സംവിധാനങ്ങൾ അടിയന്തരമായി ഒരുക്കുന്നതിനുമായി ജില്ലാ കളക്ടർക്ക് നിവേദനം നൽകി.
Kerala
തിരുവനന്തപുരം: കാട്ടാന ശല്യം മൂലം ജനജീവിതം ദുസഹമാകുന്ന സാഹചര്യത്തിൽ 500 പേരുടെ സ്പെഷൽ റിസർവ് ഫോഴ്സ് അടിയന്തരമായി രൂപീകരിക്കാൻ നിർദേശം നൽകിയതായി മന്ത്രി ഷിബു ബേബി ജോണ്‍.
വന്യജീവികൾ മൂലമുള്ള അപകടസാധ്യതകൾ ഒഴിവാക്കുന്നതിനും മനുഷ്യ-വന്യജീവി സംഘർഷങ്ങൾ കൂടുതൽ ഫലപ്രദമായി ലഘൂകരിക്കുന്നതിനുമായാണ് കാട്ടാനകളുടെ സാന്നിധ്യം പതിവായി അനുഭവപ്പെടുന്ന ഹോട്ട്സ്പോട്ടുകളിൽ അഞ്ചുപേർ വീതമുള്ള 100 ബാച്ചുകളായി സ്പെഷൽ റിസർവ് ഫോഴ്സ് യൂണിറ്റുകൾ രൂപീകരിക്കുന്നത്.
വന്യജീവി സാന്നിധ്യം അനുഭവപ്പെടുന്ന മേഖലകളെ സംബന്ധിച്ച് അറിവുള്ള ഗോത്രവർഗവിഭാഗത്തിൽപ്പെടുന്നവരും വനം വകുപ്പിൽ നിന്നും വിരമിച്ച വിദഗ്ധരും പരിചയസന്പന്നരായ തദ്ദേശവാസികളും സാങ്കേതിക പരിജ്ഞാനമുള്ളവരുമുൾപ്പെടെയുള്ളവരാണ് സ്പെഷൽ റിസർവ് ഫോഴ്സിൽ ഉണ്ടാവുക. ഈ യൂണിറ്റുകളെ സംസ്ഥാന വ്യാപകമായി വിന്യസിക്കും.
ആനകളുടെ സഞ്ചാരപഥങ്ങളും നീക്കങ്ങളും സദാ നിരീക്ഷിക്കുക, ജനവാസമേഖലകളിലോ ജനവാസകേന്ദ്രങ്ങളുടെ സമീപത്തോ സമീപപ്രദേശങ്ങളിലോ കാട്ടാനകളുടെ സാന്നിധ്യം അനുഭവപ്പെടുന്ന പക്ഷം കൃത്യമായ മുന്നറിയിപ്പ് സന്ദേശങ്ങൾ നേരിട്ടും വിവിധ മാധ്യമങ്ങളിലൂടെയും നൽകുന്നതിലൂടെ ജനങ്ങളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുക, വനാതിർത്തികളിൽ സ്ഥാപിച്ചിട്ടുള്ള സൗരോർജ വേലികൾ ഉൾപ്പെടെയുള്ള വിവിധ വന്യജീവി പ്രതിരോധ സംവിധാനങ്ങളുടെ പ്രവർത്തന ക്ഷമത നിരന്തരം നിരീക്ഷിച്ച് ഉറപ്പുവരുത്തുക, ജനവാസമേഖലയോട് അടുത്തെത്തുന്ന കാട്ടാനകളെ സുരക്ഷിതമായി കാട്ടിലേക്കു തുരത്തുന്ന ദൗത്യത്തിൽ ഏർപ്പെട്ടിരിക്കുന്ന ആർആർടികൾക്ക് വേണ്ട സഹായങ്ങളും പിന്തുണയും ലഭ്യമാക്കുക, മറ്റു സംഘർഷ ലഘൂകരണ പ്രവർത്തനങ്ങളിൽ പങ്കാളികളാവുക തുടങ്ങിയവയായിരിക്കും സ്പെഷൽ റിസർവ് ഫോഴ്സിന്റെ പ്രധാന പ്രവർത്തനങ്ങൾ. സ്പെഷൽ റിസർവ് ഫോഴ്സ് 24 മണിക്കൂറും പട്രോളിംഗ് ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ നടത്തുമെന്നും മന്ത്രി അറിയിച്ചു.
Kerala
കേളകം (കണ്ണൂർ): കേളകം പഞ്ചായത്തിലെ നരിക്കടവിൽ പ്രതിരോധ മതിൽ തകർത്ത് കാട്ടാനകൾ ജനവാസ മേഖലയിലെത്തി. വ്യാഴാഴ്ച രാത്രിയാണ് കാട്ടാനകൾ തങ്ങളെ പ്രതിരോധിക്കാൻ നിർമിച്ച മതിൽ തകർത്ത് ജനവാസ മേഖലയിൽ കടന്നു വെല്ലുവിളി ഉയർത്തിയത്.
ഇതിനു പിന്നാലെ ഇന്നലെത്തന്നെ പഞ്ചായത്തധികൃതരും വനംവകുപ്പും ചേർന്ന് പൊളിച്ച ഭാഗം പുനർനിർമിച്ചു. കഴിഞ്ഞ 15 വർഷത്തിനിടെ ആദ്യമായാണ് കാട്ടാനകൾ മതിൽ തകർത്ത് ജനവാസ മേഖലയിലേക്ക് കടന്നത്.
രണ്ടു കോൺക്രീറ്റ് തൂണുകളെ കോൺക്രീറ്റ് ബീമിനാൽ പണിത നിർമിതിയുടെ മധ്യത്തിലായി കരിങ്കൽ ഭിത്തി കെട്ടിയാണ് ഇവിടെ ആനമതിൽ പണിതത്. ഈ കരിങ്കൽ ഭിത്തി കാട്ടാനക്കൂട്ടം ഇടിച്ചു തകർക്കുകയായിരുന്നു.
തകർത്തിട്ട കരിങ്കല്ലുകൾക്കു മുകളിൽ കയറി ഭിത്തി മറികടന്നാണ് ആനക്കൂട്ടം കടന്നുവന്നത്. നരിക്കടവ് സ്വദേശി തുരുത്തിക്കാട്ടിൽ ജോർജിന്റെ കൃഷിയിടത്തിലെത്തിയ ആനക്കൂട്ടം വാഴ, തെങ്ങ്, കമുക് എന്നീ വിളകൾ നശിപ്പിച്ചു.
ഇതിനു മുന്‍പ് നാലു തവണ കാട്ടാനകൾ ജനവാസ മേഖലയിലേക്ക് എത്തിയിരുന്നെങ്കിലും അതെല്ലാം മതിലിനു സമീപത്തെ മൺതിട്ടയിൽ കയറി മതിൽ മറികടന്നായിരുന്നു. കാട്ടാനകൾ മതിൽ തകർക്കാൻ തുടങ്ങിയതോടെ കഴിഞ്ഞ 15 വർഷമായി ആനമതിലിന്റെ സുരക്ഷയിൽ കഴിഞ്ഞുവന്നവർ ഇപ്പോൾ കടുത്ത ഭീതിയിലാണ്.
ആനകൾ പ്രതിരോധമതിൽ നശിപ്പിച്ച വിവരം അറിഞ്ഞ കേളകം പഞ്ചായത്ത് പ്രസിഡന്റ് ലിസി ജോസഫ് സ്ഥലം സന്ദർശിച്ചു. തുടർന്നു വനംവകുപ്പുമായി ബന്ധപ്പെടുകയും ഇരുവരുടെയും സഹകരണത്തോടെ മതിൽ പുനർനിർമിക്കാനുള്ള നടപടികൾ സ്വീകരിക്കുകയുമായിരുന്നു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജു ചാക്കോ, സ്ഥിരം സമിതി അംഗം അബ്ദുൽ സലാം, ബ്ലെസി തുരുത്തിക്കാട്ടിൽ, കുര്യൻ തുരുത്തിക്കാട്ടിൽ, സജി മഠത്തിയിൽ തുടങ്ങിയവരും നാട്ടുകാരും വനപാലകരും ചേർന്നാണ് നിർമാണം പൂർത്തീകരിച്ചത്.
ഇവിടെ വൈദ്യുത തൂക്കുവേലി നിർമാണവും ആരംഭിച്ചിട്ടുണ്ട്. രാത്രികാലങ്ങളിൽ പട്രോളിംഗ് ശക്തമാക്കി സ്ഥിതിഗതികൾ വിലയിരുത്തും. 30ന് പഞ്ചായത്ത് അടിയന്തര യോഗം വിളിച്ചിട്ടുണ്ട്.
Kerala
കോതമംഗലം: കോതമംഗലം വടാട്ടുപാറ ചക്കിമേട് ഭാഗത്ത് റോഡിന് കുറുകെ കാട്ടാനക്കൂട്ടം. കുട്ടിയാന ഉള്‍പ്പെടെ പതിനഞ്ചോളം ആനകളാണ് റോഡില്‍ എത്തിയത്.
തിങ്കളാഴ്ച വൈകുന്നേരം 5.50 ഓടെയായിരുന്നു ബസിന് മുന്നില്‍ ആനക്കൂട്ടത്തിന്റെ റോഡ് ഉപരോധം. കോതമംഗലം-പൊങ്ങച്ചോട് കെഎസ്ആര്‍ടിസി ബസിനു മുന്നില്‍ അഞ്ചു മിനിറ്റിലേറെ സമയം ആനകള്‍ നിലയുറപ്പിച്ച ശേഷമാണ് റോഡില്‍ നിന്ന് പിന്‍വാങ്ങിയത്.
നേരത്തെ കോതമംഗലം കോട്ടപ്പടി പഞ്ചായത്തിലെ വാവേലിയില്‍ പകല്‍ സമയത്തും കാട്ടാനക്കൂട്ടം എത്തുന്നത് ഭീതി പടര്‍ത്തിയിരുന്നു.
Kerala
കോതമംഗലം: കുട്ടമ്പുഴ താലിപ്പാറയ്ക്കു സമീപം കച്ചോലപ്പാറയിൽ കാട്ടാനക്കൂട്ടം വീട് ആക്രമിച്ചു. വീട്ടിൽനിന്ന് ആരും പുറത്തിറങ്ങാത്തതിനാൽ ആളപായമുണ്ടായില്ല. ഇന്നലെ പുലർച്ചെ മൂന്നോടെ വലിയവെളിയിൽ പങ്കജാക്ഷിയുടെ വീടിനു നേരെയാണ് ആക്രമണമുണ്ടായത്.
മേൽക്കൂരയും വാട്ടർ ടാങ്കും തകർത്തു. കാർഷികവിളകളും നശിപ്പിച്ചു. ഉരുളൻതണ്ണി-പിണവൂർക്കുടി റോഡിൽ വാഹനങ്ങൾക്കു നേരെ കാട്ടാനക്കൂട്ടം പാഞ്ഞടുക്കുന്നത് കാൽനട, വാഹന യാത്രികർക്ക് ഭീഷണിയായി മാറിയിരിക്കുകയാണ്.
കഴിഞ്ഞ ദിവസങ്ങളിൽ സ്വകാര്യബസുകൾക്കു നേരെ കാട്ടാന പാഞ്ഞടുത്തെങ്കിലും ഹോണടിച്ചും ബഹളംവച്ചും ആനകളെ പിന്തിരിപ്പിക്കുകയായിരുന്നു.
അധികൃതരുടെ ഭാഗത്തുനിന്ന് യാതൊരു നടപടിയും ഉണ്ടാകാത്തതിനാൽ റോഡിൽ ആനകൾ നിൽക്കുന്നതു ദൂരെ നിന്നു തന്നെ കാണുന്നതിനായി റോഡരികിലെ അടിക്കാട് നാട്ടുകാർ തന്നെയാണ് വെട്ടിത്തെളിച്ചത്.
Kerala
കോതമംഗലം: വളര്‍ത്തു പോത്തിനെ കാട്ടാനകള്‍ ചവിട്ടിക്കൊന്നു. പിണ്ടിമന, കോട്ടപ്പടി പഞ്ചായത്തുകളുടെ അതിര്‍ത്തിപ്രദേശമായ വെറ്റിലപ്പാറയില്‍ തുടുമ്മേല്‍ ബെന്നിയുടെ പോത്താണ് കാട്ടാനകളുടെ ചവിട്ടേറ്റു ചത്തത്.
റബ്ബര്‍ തോട്ടത്തില്‍ കെട്ടിയിരുന്ന പോത്തിനെയാണ് കാട്ടാനകള്‍ ചവിട്ടിക്കൊന്നത്. കെട്ടിയിട്ടിരുന്നതു കാരണം കാട്ടാനകളുടെ ആക്രമണത്തിൽനിന്ന് ഒാടി രക്ഷപ്പെടാനും പോത്തിനു കഴിഞ്ഞില്ല.
പ്രദേശത്തു വന്യ മൃഗശല്യം രൂക്ഷമാണ്. ഫെന്‍സിംഗ് ഉപയോഗപ്രദമല്ലെന്നും നാട്ടിലിറങ്ങുന്ന മൃഗങ്ങളെ തുരത്താന്‍ നടപടി വേണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. പോത്തിന്റെ ഉടമയ്ക്ക് ന്യായമായ നഷ്ടപരിഹാരം നൽകണമെന്നും അവർ ആവശ്യപ്പെട്ടു.
Kerala
പനമരം: ഒരു ഇടവേളയ്ക്കു ശേഷം പനമരം എരനെല്ലൂരിൽ വീണ്ടും
കാട്ടാനകൾ എത്തി. വാടോച്ചാൽ, മേച്ചേരി ഭാഗത്ത് രണ്ടു ആനകളാണ് ഇന്നു പുലർച്ചെയോടെ ജനവാസ മേഖലയിലേക്ക് എത്തിയത്. മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിൽ വനം വകുപ്പ് അധികൃതർ ആനകളെ പ്രദേശത്തുനിന്നു തുരത്തി.
എരനെല്ലൂർ ഭാഗത്ത് ആദ്യമെത്തിയ കാട്ടാനകളെ മാനന്തവാടി റേഞ്ച് ഓഫിസിൽനിന്ന് എത്തിയ വനം വകുപ്പ് ജീവനക്കാർ തുരത്താൻ ശ്രമിച്ചതോടെ ആനകൾ മേച്ചേരിയിൽ എത്തുകയായിരുന്നു. എല്ലാ വർഷവും ഈ ഭാഗത്തേക്ക് ആനകൾ എത്തുന്നതിനാൽ ഭീതിയിലാണ് തങ്ങളെന്നു പ്രദേശവാസികൾ പറയുന്നു.
പാതിരി സൗത്ത് സെക്ഷൻ വനമേഖലയിൽനിന്നാണ് രണ്ട് കൊമ്പന്മാർ പനമരം ചെറുപുഴ കടന്ന് മേച്ചേരി ഭാഗത്ത് എത്തിയത്. വനംവകുപ്പ് ജീവനക്കാരും ആർആർടി സംഘം ഉൾപ്പെടെയുള്ളവരും ചേർന്നാണ് ആനകളെ തുരത്തിയത്.
District News
തൃശൂർ: അതിരപ്പിള്ളിയിൽ കാട്ടാനക്കൂട്ടം നിർത്തിയിട്ട കാർ തകർത്തു. വാച്ചുമരത്ത് വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. അതിരപ്പിള്ളിയിൽ നിന്ന് മലക്കപ്പാറയ്ക്ക് പോകുകയായിരുന്ന അങ്കമാലി സ്വദേശികളുടെ വാഹനമാണ് ആക്രമണത്തിനിരയായത്. സംഭവത്തിൽ ആളപായമില്ല.
രാത്രിയിൽ വാഹനത്തിന്റെ എൻജിൻ തകരാറായതിനെ തുടർന്ന് യാത്രക്കാർ കുടുങ്ങുകയായിരുന്നു. സമീപത്ത് കാട്ടാനക്കൂട്ടം ഉണ്ടെന്ന് മനസിലാക്കിയ ഇവർ മറ്റൊരു വാഹനത്തിൽ അതിരപ്പള്ളിയിലേക്ക് തിരികെ പോയി. പിന്നീട് വാഹനം ശരിയാക്കുന്നതിനായി മെക്കാനിക്കുമായി വന്നപ്പോഴാണ് കാട്ടാനക്കൂട്ടം കാർ തകർത്ത നിലയിൽ കണ്ടത്.